കലഞ്ഞൂർ : നിർമാണം പൂർത്തിയാക്കാത്ത കലഞ്ഞൂർ പാടം റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. അടുത്ത സമയത്തായി നാലുപേരാണ് ഈ റോഡിൽ അപകടത്തിൽപെട്ട് മരിച്ചത്. വീതികുറവുള്ള റോഡിൽ അമിത വേഗത്തിൽ പോകുന്നതും റോഡിന്റെ അരികുകൾ ഉൾപ്പെടെ തകർന്നു കിടക്കുന്നതുമാണ് കൂടുതലും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇതിനൊപ്പം കലഞ്ഞൂർ ഡിപ്പോ ജംഗ്ഷന്‍ മുതൽ റോഡിന് ഇരുവശവും കാട് വളർന്ന് റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നതും എതിരേവരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതും വാഹനയാത്രികർക്ക് പ്രശ്‌നമാകുന്നുണ്ട്.
വാഴപ്പാറയിൽ കല്ലട പദ്ധതിയുടെ മെയിൻ അക്വാഡക്റ്റിന് താഴെയായി അമ്പത് മീറ്ററോളം ഭാഗം റോഡിൽ നിർമാണ പ്രവർത്തനം നടത്താതെ തകർന്നുകിടക്കുകയുമാണ്. ഇവിടെയാണ് മാസങ്ങൾക്കു മുൻപ് ഒരു യുവാവ് ബൈക്കിൽ യാത്രചെയ്യവേ നിയന്ത്രണംവിട്ട് റോഡരികിലുള്ള കുഴിയിലേക്ക് മറിഞ്ഞ് മരിച്ചത്. ഇതിന് സമീപത്തു തന്നെയാണ് ബുധനാഴ്ച രാത്രിയിലും വാഹന അപകടം നടന്നത്. മാങ്കോട് മുതൽ പാടം വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഇപ്പോൾ വാഹനയാത്രചെയ്യാൻ കഴിയാത്ത വിധത്തിൽ തകർന്നുകിടക്കുന്നതും വലിയ ദുരിതയാത്രയ്ക്ക് കാരണമാകുന്നുണ്ട്. ഇതിനൊപ്പം ബൈക്ക് യാത്രികരുടെ അമിത വേഗത്തിലുള്ള യാത്രയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഒന്നരവർഷം മുൻപ് കലഞ്ഞൂർ-പാടം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചുപോയതോടെയാണ് അപകടങ്ങളും തുടർച്ചയായത്.