പത്തനംതിട്ട : താലൂക്ക് വികസന സഭയിൽ യാത്രാക്ലേശവും കുടിവെള്ള പ്രശ്നവും ഉന്നയിച്ച് പ്രതിനിധികള്‍. അബാൻ മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി സ്വാകാര്യ ബസ് സ്റ്റാൻഡ് മുതൽ എസ്.പി ഓഫീസ് വരെ ഗതാഗതം നിരോധിക്കുന്നതിനെതിരെ ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രതിഷേധിച്ചു. പാലം പണി തീരാൻ രണ്ട് വർഷത്തോളം വേണ്ടി വരും അതുവരെ ഗതാഗതം നിരോധിക്കുന്നത് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പ്രതിസന്ധിയുണ്ടാക്കും.
റോഡിന്റെ ഒരു വശം മാത്രം അടച്ച് ഗതാഗതം നിയന്ത്രിച്ച് വിടണമെന്ന് താലൂക്ക് സമതി അംഗവും സിപിഐ മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ നിർദേശിച്ചു. ഈ കാര്യം പോലീസ് പൊതുമരാമത്ത് വകുപ്പ് മോട്ടോർ വാഹത വകുപ്പ് നഗരസഭ എന്നിവരുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് തഹസീൽദാർ ജയദീപ് പറഞ്ഞു. കെ എസ് ആർ ടി സി റോഡിൽ ബാറിന് എതിർ വശം കൈവരി കെട്ടിയത് പുതിയ കെ എസ് ആർ ടി സി ടെർമിനലിലേക്ക് പ്രവേശിക്കുന്നത് തടസമാകുമെന്നും കൈവരി ഒഴിവാക്കണമെന്നും അവിടെ സ്റ്റപ്പ് കെട്ടി തുറന്നു കൊടുക്കണമെന്നുള്ള നിർദ്ദേശവും ഷുക്കൂർ മുന്നോട്ടു വെച്ചു.
ചെന്നീർക്കര കേന്ദ്രിയ വിദ്യാലയം റൂട്ടിൽ നേരത്തെയുണ്ടായിരുന്ന ബസ് സർവ്വീസ് പുനരാരംഭിക്കണമെന്നും സിപിഐ പ്രതി ധിനി അബ്ദുൽ ഷുക്കൂർ ആവശ്യപ്പെട്ടു. കുട്ടികളെ സ്ക്കൂളിൽ അയക്കാൻ രക്ഷിതാക്കൾ പിരിവെടുത്ത് സ്വകാര്യവാഹനങ്ങൾ വാടകക്കെടുത്തിരിക്കുകയാണ്. അതിനാൽ ബസ് സർവ്വീസ് ആരംഭിക്കണമെന്ന് ഷുക്കൂർ നിർദേശിച്ചു. പത്തനംതിട്ടയിൽ നിന്നും കോഴഞ്ചേരിയിൽ നിന്നും ബസ് സർവീസ് ആരംഭിക്കണമെന്നുള്ള നിർദേശങ്ങൾ താലൂക്ക് സമിതിയിൽ ഉണ്ടായി. ഉയർന്ന ദേശങ്ങളിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന നിർദേശവും ഉണ്ടായി.