കോന്നി : കോന്നി പൂങ്കാവ് ചന്ദനപ്പള്ളി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിൻ്റെ പന്ത്രണ്ട് മീറ്റർ ഇരുന്നൂറ് മീറ്റർ ദൂരമാണ് ഉന്നത നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒൻപത് കോടി രൂപയാണ് നിർമ്മാണ ചിലവ്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് ഭാഗത്ത് ഓട നിർമ്മാണം ആരംഭിച്ചതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പുരോഗമിക്കുന്നില്ല.
പൊതുമരാമത്ത് റോഡ് വിഭാഗത്തിൻ്റെ നേതൃത്ത്വത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മഴ മൂലമാണ് വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. റോഡിലെ കോന്നി ട്രാഫിക് ജംഗ്ഷൻ മുതൽ വിവിധ ഇടങ്ങളിൽ റോഡ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളായി. കോന്നി താലൂക്ക് ഓഫീസ്, ആർ ടി ഒ ഓഫീസ്, ഇക്കോടൂറിസം സെൻ്റർ, കെ എസ് ഇ ബി ഓഫീസ്, സ്കൂളുകൾ ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം ഈ റോഡിന് ഇരുവശവുമായാണ് പ്രവർത്തിക്കുന്നത്. ഇവിടേക്ക് വരുന്ന നിരവധി ആളുകളാണ് റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. തുടർച്ചയായി മഴ കൂടി പെയ്തതോടെ റോഡിലെ തകർന്ന ഭാഗങ്ങളെല്ലാം വെള്ളക്കെട്ട് മൂലം യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പുനലൂർ മൂവാറ്റുപുഴ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴി പത്തനംതിട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇതുവഴിയാണ് വിട്ടിരിക്കുന്നത്. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് സമീപം നിർമ്മാണമാരംഭിച്ച കലുങ്കും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. മഴക്കാലമായതോടെ തകർന്ന് കിടക്കുന്ന റോഡിൽ ചെളിയും നിറഞ്ഞിട്ടുണ്ട്. വാഹനങ്ങൾ ഇതുവഴി വഴി തിരിച്ച് വി വിട്ടിരിക്കുന്നതിൽ വലിയ ഗതാഗത കുരുക്കും അനുഭവപെപടു ന്നുണ്ട്. അമിത ഭാരം കയറ്റിയ ടിപ്പർ ലോറികളുടെ യാത്രയും റോഡ് തകർച്ചയ്ക്ക് കാരണമായി. കോന്നിയിൽ നിന്ന് അടൂർ, കൊടുമൺ, ചന്ദനപ്പള്ളി ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡാണിത്. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംമ്പുലൻസുകളേയും റോഡ് തകർച്ച സാരമായി ബാധിക്കുന്നുണ്ട്.റോഡ് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാത്തതിൽ യാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.