പത്തനംതിട്ട : നഗരസഭയിലെ സുഭാഷ് നഗര്‍ – മണ്ണുംകല്‍പടി – അറബി കോളജ് റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍നിര്‍മാണം നടത്തിയ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. റോഡ് പുനര്‍നിര്‍മാണം യാഥാര്‍ഥ്യമായിരിക്കുകയാണ്. റോഡിന്റെ നവീകരണം ഏറ്റവും അടിയന്തിര പ്രാധാന്യം ഉള്ളതായിരുന്നു. 2017 റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ചില കാരണങ്ങളാല്‍ അന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പുതിയ പത്തനംതിട്ട നഗരസഭാ ഭരണ സമിതി അധികാരത്തിലെത്തിയതോടെയാണ് പുനര്‍ നിര്‍മാണത്തിനുള്ള തുടര്‍ നടപടികള്‍ വേഗത്തിലായത്. നഗരസഭയുടെ 14, 21 വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് ഈ റോഡ്.
റോഡിന്റെ ഓരോ നിര്‍മാണ ഘട്ടത്തിലും നിരവധി പ്രതിസന്ധികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മുന്നിലുണ്ടായ പ്രതിസന്ധികളെ മറികടന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് വാര്‍ഡ് കൗണ്‍സിലര്‍ അഷറഫിന്റെ നേതൃത്വത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കൗണ്‍സിലര്‍ എ.അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ കൗണ്‍സിലര്‍ റോസമ്മ കുര്യാക്കോസ്, പതിനാലാം വാര്‍ഡ് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷംലാ ഹമീദ്, എഡിഎസ് ആര്‍.റാണി, സിപിഎം ലോക്കല്‍ സെക്രട്ടറി അശോക് കുമാര്‍, ബ്രാഞ്ച് സെക്രട്ടറി എബ്രഹാം മാമന്‍, അന്‍സാരി, എസ്.അഫീസ് എന്നിവര്‍ പങ്കെടുത്തു.