നെടുമൺകാവ് : നെടുമൺകാവ് ജംഗ്ഷനിലെ റോഡ് വികസനം ഒഴിവാക്കിയനിലയിൽ. ആനയടി-കൂടൽ റോഡും പുനലൂർ-മൂവാറ്റുപുഴ റോഡും ഒന്നുചേരുന്ന ഇവിടെ റോഡിനായി ഏറ്റെടുത്ത സ്ഥലങ്ങൾപോലും റോഡിന്റെ ആവശ്യത്തിനായി ഉപയോഗപ്പെടുത്തിയിട്ടുമില്ല. സംസ്ഥാനപാത വികസനത്തിൽ കോന്നി-പുനലൂർ റീച്ചിൽ ഉൾപ്പെട്ട പ്രദേശമാണ് നെടുമൺകാവ്. റോഡരികിലൂടെ ഓടനിർമാണം നടത്തുന്നതും നെടുമൺകാവ് ജങ്ഷന് മുമ്പിലായി കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ് മുറിഞ്ഞകൽ സ്‌കൂളിനുസമീപത്തുനിന്നാണ് പിന്നെ ഓടപണി തുടർന്നിട്ടുള്ളത്.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്ലാനിൽ ബസ് ബേയും യാത്രക്കാർക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും ഉൾപ്പെടെ നെടുമൺകാവിൽ സ്ഥാപിക്കേണ്ടതാണ്. കൊടുംവളവും മൂന്ന് റോഡ് ചേരുന്നിടവുമായ ഇവിടെ റോഡിന് വീതികൂട്ടി നിർമിക്കേണ്ടതുമാണ്. സമീപ സ്ഥലങ്ങളിൽ എല്ലാം റോഡ് വികസനം പൂർത്തീകരിച്ചിട്ടും നെടുമൺകാവിൽ റോഡ് വികസനം നടത്താത്തത് വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും റോഡ് വികസനം അടിയന്തിരമായി ഇവിടെ പൂർത്തീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളത്.