റാന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പഴയ പാതയില്‍ വീണ്ടും കയ്യേറ്റം വ്യാപകമാവുന്നു. പാതയരികിലെ വ്യാപാരത്തിന്റെ മറവില്‍ സാധനങ്ങൾ ഇറക്കിയാണ് പഴയ പാത കൈയ്യേറുന്നത്. പുതിയ പാത വന്നതോടെ പഴയ പാത പൂര്‍ണ്ണമായും ഉപേക്ഷിച്ച നിലയിലാണ്. ഇതാണ് കൈയ്യേറ്റക്കാര്‍ക്ക് അനുഗ്രഹമാകുന്നത്. വാളിപ്ലാക്കല്‍പടിയിലെ കല്ലുകൾ വില്‍ക്കുന്ന കടയുടെ മറവിലാണ് കൈയ്യേറ്റം. പഴയ റോഡിന്റെ വശങ്ങളിൽ കല്ലുകള്‍ സ്ഥാപിക്കുകയും വശങ്ങളില്‍ ഷെഡ് കെട്ടി എടുക്കുകയും ചെയ്യുക എന്നതാണ് കൈയ്യേറ്റ ശ്രമത്തിന്റെ ആദ്യ ഭാഗം.
വാളിപ്ലാക്കൽ വളരെ അധികം സ്ഥലം കല്ലുകടയ്ക്ക് ഉണ്ടെങ്കിലും പാത കൈയ്യേറിയാണ് സാധനങ്ങള്‍ ഇറക്കുന്നത്. വസ്തു ഉടമകൾക്ക് ഭാവിയിൽ സ്ഥലങ്ങള്‍ കൈവശപ്പെടുത്തി എടുക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് കച്ചവടക്കാർ ഒരുക്കി നൽകുന്നത്. എത്രയും വേഗം കെ എസ് ടി പി ഉൾപ്പെടെ ഉള്ള അധികൃതര്‍ കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. മറ്റിടങ്ങളില്‍ നടത്തിയിട്ടുള്ള കൈയ്യേറ്റങ്ങൾ അടിയന്തിര നോട്ടീസ് നൽകി കെ എസ് ടി പി നീക്കം ചെയ്തിരുന്നു.