റാന്നി : പെരുനാട് പഞ്ചായത്തില്‍ പുതിയതായി നിര്‍മ്മിക്കുന്ന റോഡ് സ്വകാര്യ വ്യക്തിക്കു വേണ്ടിയെന്ന് ആരോപണവുമായി ബി.ജെ.പി പഞ്ചായത്തു കമ്മിറ്റി. പ്രോജക്ട് നമ്പർ 50-2021 പ്രകാരം 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നെടുമൺ ഉഴം റോഡാണ് സ്വകാര്യവ്യക്തിക്ക് മാത്രം പ്രയോജനപ്പെടുന്ന രീതിയിൽ നിര്‍മ്മിക്കുന്നതെന്ന് ആരോപണം ഉണ്ടായത്.
ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ കൂടി മാത്രം പോകുന്ന റോഡ് മറ്റ് റോഡുകളുമായോ വേറെ ഏതെങ്കിലും വ്യക്തികൾക്കോ ഒരു രീതിയിലും ഉപകാരപ്പെടുന്നതല്ലെന്ന് ബി.ജെ.പിയുടെ പ്രസ്ഥാവനയില്‍ പറയുന്നു. സ്വന്തമായി കമ്പനി രൂപീകരിച്ചതിന്റെ മറവിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് പഞ്ചായത്തിന്റെ ചെലവിൽ റോഡും നിർമ്മിച്ചു നൽകുന്നത് അംഗീകരിക്കാനാവില്ല.
ഇവിടെ നിന്ന് കുറച്ചു പുറകിലായി പതിനഞ്ചോളം കുടുംബങ്ങൾ താമസിക്കുന്ന നെല്ലിക്കൽ പടി റോഡ് ഉൾപ്പടെ മറ്റു പല റോഡുകളും ഈ വാർഡിൽ തന്നെ ഇതുവരെ പൂർത്തീകരിക്കാതെ ആണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും പന്ത്രണ്ടാം വാർഡ് മെമ്പറുടെയും ഒത്താശയയോടുള്ള ഈ പദ്ധതി ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇതിനെതിരെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ ഭാരതീയ ജനതാ പാർട്ടി പെരുനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായും പ്രസ്ഥാവനയില്‍ പറയുന്നു.