പത്തനംതിട്ട : റോഡിലെ കുഴികള്‍ എണ്ണാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം പൂര്‍ത്തിയാക്കി പോലീസ്. പത്തനംതിട്ട ജില്ലയില്‍ 38 സ്ഥലങ്ങളില്‍ റോഡില്‍ കുഴിമൂലം അപകടം സാധ്യത നിലനില്‍ക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ് എച്ച്‌ഒമാരാണ് സ്റ്റേഷന്‍ പരിധിയിലെ കുഴികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കേരള ഹൈക്കോടതി കര്‍ശന നടപടിവേണമെന്ന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡില്‍ കുഴിയില്‍ വീണുള്ള അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം എത്തിയത്.