പ്രമുഖ കമ്പനിയായ മഹീന്ദ്രയുടെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന XUV700 എസ്‍യുവി മോഡൽ ലൈനപ്പിന് വരും ആഴ്ചകളിൽ ഒരു പുതിയ ഓട്ടോമാറ്റിക് വേരിയൻ്റ് ലഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഞ്ച് സീറ്റ് കോൺഫിഗറേഷനും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഉള്ള ഒരു പുതിയ MX ഓട്ടോമാറ്റിക് വേരിയൻ്റ് കമ്പനി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. മഹീന്ദ്ര XUV700 MX അഞ്ച് സീറ്റർ നിലവിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും 7-സീറ്റ് ലേഔട്ടിലും ലഭ്യമാണ്. പുതിയ MX ഓട്ടോമാറ്റിക് വേരിയൻ്റിന് 14 ലക്ഷം രൂപ വിലയുള്ള മാനുവൽ പതിപ്പിനേക്കാൾ ഏകദേശം 1.80 ലക്ഷം രൂപ കൂടുതൽ വില പ്രതീക്ഷിക്കുന്നു. ഇതിനിടെ മഹീന്ദ്ര XUV700 ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അതിൻ്റെ ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റിന് വിധേയമാകും. നിലവിൽ അതിൻ്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിൽ നവീകരിച്ച മോഡലിന് മഹീന്ദ്ര XUV 7XO എന്ന് പേരിടുമെന്ന് പ്രതീക്ഷിക്കുന്നു.
XUV 3XO എന്ന പേരിൽ അവതരിപ്പിച്ച മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിൽ ഉപയോഗിച്ച അതേ നാമകരണ തന്ത്രമാണ് ഈ മോഡലിലും മഹീന്ദ്ര ഉപയോഗിക്കുന്നത്. മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും ചെറിയ മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അതിൻ്റെ എഞ്ചിൻ സജ്ജീകരണം അതേപടി തുടരാൻ സാധ്യതയുണ്ട്. എസ്‌യുവി നിലവിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. 2.0-ലിറ്റർ, 4-സിലിണ്ടർ, ടർബോ-പെട്രോൾ മഹീന്ദ്ര എംസ്റ്റാലിയൻ എഞ്ചിൻ, 2.2-ലിറ്റർ, 4-സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് മോട്ടോർ എന്നിവ. ആദ്യത്തെ എഞ്ചിൻ 200bhp പവറും 380Nm ടോർക്കും നൽകുന്നു. രണ്ടാമത്തെ എഞ്ചിൻ താഴ്ന്ന വേരിയൻ്റുകൾക്ക് 115bhp കൂടെ 360Nm ഉം ഉയർന്ന വേരിയൻ്റുകൾക്ക് 420Nm (MT)/450Nm (AT) ഉള്ള 185bhp ഉം എന്നിങ്ങനെ രണ്ട് ട്യൂൺ സ്റ്റേറ്റുകൾ വാഗ്ദാനം ചെയ്യുന്നു.