പത്തനംതിട്ട : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഒരാഴ്ച നീളുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും വനിതാ പോലീസുദ്യോഗസ്ഥരുടെ ഇരുചക്രവാഹന റാലിയുടെ ഫ്‌ളാഗ് ഓഫും ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ദേശീയ ദുരന്തങ്ങളിലേതിനേക്കാള്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിന് റോഡപകടങ്ങള്‍ കാരണമാകുന്നുണ്ടെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ശരിക്കും കൊലയാളിയാണ് റോഡപകടങ്ങള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായ പോലീസ് സേന, ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത ദൗത്യം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനു നിലവിലെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നത് തുടരുന്നതോടൊപ്പം ഇത്തരം ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുമെന്നും ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് പറഞ്ഞു. റോഡ് സുരക്ഷാ മാസാചാരണത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ഹൃസ്വമായ ചടങ്ങില്‍ സി ബ്രാഞ്ച് ഡിവൈഎസ്പി:ആര്‍.സുധാകരന്‍ പിള്ള സ്വാഗതം പറഞ്ഞു. അഡിഷണല്‍ എസ്.പി: എ.യു സുനില്‍കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എ.സന്തോഷ്‌കുമാര്‍ തുടങ്ങിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പോലീസുദ്യോഗസ്ഥരും പത്തനംതിട്ട ട്രാഫിക് യൂണിറ്റിലെ പോലീസുകാരും മുന്‍ എസ്പിസി കേഡറ്റുകള്‍ തുടങ്ങിയവരും പങ്കെടുത്തു. 25 വനിതാ പോലീസുദ്യോഗസ്ഥര്‍ പങ്കെടുത്ത ഇരുചക്രവാഹനറാലി ജില്ലാ പോലീസ് ഓഫീസ് ആസ്ഥാനത്തു നിന്നും ആരംഭിച്ച് റിങ് റോഡ് ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.