റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലത്ത് അനധികൃതമായി ഇറക്കിയ മണ്ണ് നീക്കാന്‍ തീരുമാനമായി. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കുന്ന സാധനങ്ങളും പച്ചമണ്ണും ടൗണിലെ പാര്‍ക്കിംഗ് സ്ഥലത്ത് ഇറക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്‍റും കരാര്‍ കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് മണ്ണും അനുബന്ധ സാധനങ്ങളും നീക്കാന്‍ തീരുമാനമായത്.
ടൗണിലെത്തുന്ന പൊതുജനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്താണ് മണ്ണിട്ടത്. പഞ്ചായത്ത് മണ്ണിട്ടുയര്‍ത്തി പാര്‍ക്കിംഗിനായി നല്‍കിയിരിക്കുകയാണിവിടെ. പഞ്ചായത്ത് അധികൃതരുമായി യാതൊരു ചർച്ചയും കൂടാതെ അനധികൃതമായാണ് മണ്ണ് ഇവിടെ കൂട്ടിയത്. എം എൽ എ രാജു എബ്രഹാം, പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, സ്ഥിരം സമിതി അധ്യക്ഷൻ ചാക്കോ വളയനാട്, എന്നിവരടങ്ങിയ സംഘമാണ് ഇ കെ കെ കമ്പനി മാനേജരുമായി സംസാരിച്ചത്. ഇന്ന് മുതല്‍ മണ്ണ് നിരപ്പാക്കുന്നതിന്റെ പണികൾ ആരംഭിച്ചു. കൂടാതെ ഇട്ടിയപ്പാറയിലെ ജലവിതരണം തടസ്സപ്പെട്ട പ്രശ്നങ്ങള്‍ക്കും അടിയന്തരമായ പരിഹാരം കാണാമെന്ന് കമ്പനി മാനേജർ ഉറപ്പുനൽകി. രണ്ടു ദിവസത്തിനകം പരിഹാരം കാണാത്ത പക്ഷം ഉപരോധസമരം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ അറിയിച്ചു.