റാന്നി: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ ഇറക്കുകള്‍ ഇടിച്ചു തുടങ്ങി. നേരത്തെ റോഡിന്റെ ഈ ഭാഗങ്ങള്‍ അളന്ന് കുറ്റിവെച്ചിരുന്നു. വരാന്തകള്‍ പൊളിച്ചതോടെ വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടറുകളോടു ചേര്‍ന്നായി മുന്‍വശം. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ റോഡിലോ ഇല്ലെങ്കില്‍ കടയുടെ ഉള്ളിലോ നില്‍ക്കണം.
കഴിഞ്ഞദിവസം രാത്രിയും പകലുമായി അതിര്‍ത്തിക്കു വെളിയിലായി നില്‍ക്കുന്ന വരാന്തയും മുകള്‍ വശവുമാണ് പൊളിച്ചു നീക്കിയത്. പൊളിച്ചു കളഞ്ഞതിന്റെ ബാക്കി ഭാഗം വ്യാപാരികള്‍ സ്വന്തം നിലയില്‍ പുനര്‍ നിര്‍മ്മിക്കുവാനും തുടങ്ങി. കടകളുടെ വരാന്തയിലാണ് മുമ്പ് അതിര്‍ത്തി കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. ഈ ഭാഗം അളന്നു തിരിച്ച് നഷ്ടപരിഹാരം വ്യാപാരികള്‍ക്ക് കെ.എസ്.ടി.പി നല്‍കിയിരുന്നതാണ്. മിനര്‍വ്വാപ്പടി മുതല്‍ മൂഴിക്കല്‍ ജംങ്ഷന്‍ വരെ ഇറക്കുകള്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. കാവുങ്കല്‍ പടി വരെ ഇരു വശത്തും ഓടയും നിര്‍മ്മിച്ചിട്ടുണ്ട്. കാവുങ്കല്‍ പടിയില്‍ നിന്നും റോഡില്‍ പാറമക്ക് ഇടുന്ന ജോലിയും ആരംഭിച്ചു.