പന്തളം : എം.സി റോഡിൽ കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെ സുരക്ഷ ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുത്തി സുരക്ഷ ഒരുക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും റോഡരികിലെ തുറന്നുകിടക്കുന്ന ഓടകൾ വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു. പലയിടത്തും വാഹനങ്ങൾ ഓടയിൽ വീണുള്ള അപകടങ്ങൾ പതിവാണ്. ഏറെ ദൂരം ഓട തുറന്ന് കിടക്കുന്ന കുരമ്പാല, മാന്തുക ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുന്നു. അപകടസാധ്യത കൂടിയ പ്രദേശങ്ങളിലെങ്കിലും അടിയന്തരമായി ഓടക്ക് മൂടി ഇടണമെന്ന ആവശ്യം ശക്തമാകുകയാണ്.
ആവശ്യത്തിനു വെളിച്ചമില്ലാത്തതും എം.സി റോഡിലെ പ്രശ്നങ്ങളിലൊന്നാണ്. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച സോളർ വിളക്കുകൾ മിക്കതും നശിച്ചു. പുതുതായി എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കാൻ കെ.എസ്.ടി.പി പദ്ധതി തയാറാക്കി സമർപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല.
പറന്തൽ, തുരമ്പാല ഉൾപ്പെടെ ഇരുട്ടിലാണ്. ഓടക്ക് സ്ലാബുകൾ സ്ഥാപിക്കാനോ വിളക്കുകൾ സ്ഥാപിക്കാനോ സുരക്ഷ ഇടനാഴി പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിരുന്നില്ലെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്.
നിലവിലുള്ള ടാറിങ്ങിന് പുറത്ത് ബിറ്റുമിൻ കോമ്പൗണ്ട് (ബിസി) ടാറിങ്, റോഡ് സുരക്ഷ ആവശ്യമായിടത്ത് റൗണ്ട് എബൗട്ട്, ക്രാഷ് ബാരിയറുകൾ, മാർക്കിങ് എന്നിവക്ക് മാത്രമായിരുന്നു ഫണ്ട്. എന്നാൽ അപകടങ്ങൾ കൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഓടക്ക് സ്ലാബുകൾ സ്ഥാപിക്കാൻ സർക്കാറിലേക്കു പ്രപ്പോസൽ നൽകാറുണ്ടെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു.