അമ്പലപ്പുഴ : തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുകള്‍ പറിച്ച് കമ്മല്‍ മോഷ്ടിച്ചു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90) യുടെ കാതാണ് മോഷണത്തിനിടെ അറ്റുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആയിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ക്കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി.
ഗൗരി ബഹളംവച്ചതിനു തുടര്‍ന്ന്, മോഷ്ടാവ് തൊട്ടടുത്ത മതില് ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. അവശയായി രക്തമൊലിപ്പിച്ച് ഗൗരി തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവം അറിയുന്നത്. തുടര്‍ന്ന്, ഇവരെ അമ്പലപ്പുഴ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്പലപ്പുഴ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്.