പാലക്കാട് : ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവരുന്ന സംഘത്തിലെ ഒരു പ്രതികൂടി പിടിയില്‍. സംഘത്തിലെ പ്രധാന കണ്ണി പത്തിരിപ്പാല അകലൂര്‍ കൊടക്കാട് സ്വദേശി നൗഷാദിനെയാണ് (41) കസബ പോലീസ് പിടികൂടിയത്. ഡിസംബര്‍ 15ന് ദേശീയപാത പുതുശ്ശേരി ഫ്ലൈ ഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയും കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജില്ല പോലീസ് മേധാവി ആര്.വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ഡി.വൈ.എസ്.പിമാരായ ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ് രാജീവ്, എ.ദീപ കുമാര്‍, ഇ.ആര് ബൈജു, കെ.ഹരീഷ്, എസ്.ഐ എസ്.അനീഷ്, രംഗനാഥന്, ടി.എ. ഷാഹുല്‍ ഹമീദ്, സിവില്‍ പോലീസ് ഓഫിസര്‍ വിമല്‍കുമാര്‍, സി.പി.ഒ മണികണ്ഠദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.