പള്ളുരുത്തി : പ്രായമായ ദമ്പതികള്‍ താമസിക്കുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി സ്വര്‍ണവും പണവും മോഷ്ടിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച രാമചന്ദ്രന്, ഭാര്യ റിട്ട. ബാങ്ക് മാനേജര്‍ ജയശ്രീ എന്നിവരുടെ ഇടക്കൊച്ചി പഷ്ണിത്തോട് ബസ് സ്റ്റോപ്പിന് സമീപം ‘പൗര്‍ണമി’ എന്ന വീട്ടില്‍നിന്നാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും പതിനേഴര പവന് സ്വര്‍ണവും 12,000 രൂപയും മോഷണം പോയി. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുലര്‍ച്ച ഉണര്‍ന്നപ്പോഴാണ് മോഷണം നടന്ന വിവരം ഇരുവരും അറിയുന്നത്.
വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ദമ്പതികള്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മാലയും മൂന്ന് മോതിരവും കമ്മലുമടക്കമുള്ള സ്വര്‍ണവും തൊട്ടടുത്ത മുറിയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് മോഷണം പോയത്. ചെറിയ പ്ലാസ്റ്റിക് കവറുകളിലാണ് സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. സ്വര്‍ണം എടുത്തശേഷം പ്ലാസ്റ്റിക് കവര്‍ വീടിന് മുന്‍വശത്ത് ഉപേക്ഷിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പള്ളുരുത്തി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.