കൊടകര : വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 40 പവനും 25,000 രൂപയും കവര്‍ന്നു. ആളൂര്‍ ചങ്ങല ഗേറ്റിന് സമീപം വടക്കേപ്പീടിക ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. ജോയിയും ഭാര്യ നിമിതയും ഉറങ്ങിക്കിടന്നിരുന്ന മുറിയിലെ അലമാരയില്‍ നിന്നാണ് സ്വര്‍ണവും പണവും നഷ്ടമായത്. മുന്‍വശത്തെ ജനല്‍ പാളി ഇരുമ്പുകമ്പി ഉപയോഗിച്ചു തുറന്ന ശേഷം കയ്യിട്ട് വാതിലിന്റെ അകത്തെ കുറ്റി തുറന്നാണു മോഷ്ടാവ് അകത്തു കടന്നത്.
രാത്രി പന്ത്രണ്ടോടെയാണ് ജോയിയും നിമിതയും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ രണ്ടിനുള്ളില്‍ മോഷണം നടന്നതായാണു പോലീസ് നല്‍കുന്ന സൂചന. നിമിതയുടെ 35 പവനും മക്കള്‍ക്ക് വാങ്ങിയതും ബന്ധുക്കള്‍ സമ്മാനം നല്‍കിയതുമായി 5 പവനോളം സ്വര്‍ണാഭരണങ്ങളുമാണ് അലമാരയില്‍ ഉണ്ടായിരുന്നത്. ഈ അലമാര പൂട്ടിയിരുന്നെങ്കിലും താക്കോല്‍ ഊരിമാറ്റിയിരുന്നില്ല. ജനല്‍ കുത്തിത്തുറന്നതിന്റെ പാടുകള്‍ ഒഴികെ ഒരു അടയാളങ്ങളും അവശേഷിപ്പിക്കാതെയായിരുന്നു മോഷണം. രാവിലെ സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് 200 മീറ്റര്‍ അകലെ ചങ്ങലച്ചിറ കുളത്തിന് സമീപമുള്ള ഫാമിനുള്ളിലെത്തി മടങ്ങി. വിരലടയാള വിദഗ്ധന്‍ കെ.കെ.ശ്രീജിത്ത്, എഎസ്‌ഐ ടി.സി ഷാജന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കേസില്‍ അന്വേഷണത്തിനു കൊണ്ടുവന്ന പോലീസ് നായ മണംപിടിച്ച് പോകുന്നതിനിടെ ചാരായ വാറ്റുകേന്ദ്രവും കണ്ടെത്തി. വീടിന്റെ പിന്നിലൂടെ 200 മീറ്റര്‍ ദുരെയുള്ള ചങ്ങലച്ചിറ കുളത്തിന് സമീപത്തെ വിജനമായ ഷെഡിലാണ് നായ എത്തിയത്. എട്ട് ഏക്കറോളം വരുന്ന പാടം നികത്തി പേര, മാവ് എന്നിവ കൃഷി ചെയ്തിരിക്കുന്ന സ്ഥലത്തുള്ള ഷെഡിലെത്തിയ പോലീസ് കണ്ടത് 20 ലീറ്റര്‍ ചാരായവും കന്നാസുകളില്‍ വാഷും. ഒരുവര്‍ഷമായി സ്ഥലം സൂക്ഷിപ്പുകാരനായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ബിജുകുമാറാണ് ഷെഡിനകത്ത് താമസിച്ചിരുന്നത്. പോലീസ് ബിജു കുമാറിനെ ചോദ്യം ചെയ്‌തെങ്കിലും മദ്യ ലഹരിയിലായിരുന്നു. ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഷെഡിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.