ഓലയമ്പാടി: കണ്ണൂര്‍ കണ്ണാടിപ്പൊയിൽ മടയമ്മകുളത്തെ വാണിയംവളപ്പിൽ കുഞ്ഞാമിനയുടെ വീട് കുത്തിത്തുറന്ന് 29 പവനും 25,000 രൂപയും കവർന്നു. മൊത്തം 20 ലക്ഷത്തോളം രൂപ വിലവരും. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനകത്തുനിന്ന് കിണർവെള്ളം കോരുന്ന ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാവ് കയറിയത്. അടുക്കളവാതിലും തകർത്തു. മുൻഭാഗത്തെ വാതിൽ തകർക്കാൻ ശ്രമിച്ച ലക്ഷണമുണ്ട്. കിണറ്റിൽ വെള്ളമില്ലാത്തതുകൊണ്ട് കുടുംബം ഒരുമാസമായി തൊട്ടടുത്തുള്ള ഉമ്മ വാണിയംവളപ്പിൽ കുഞ്ഞായിസയുടെ വീട്ടിലായിരുന്നു താമസം. കുഞ്ഞാമിനയും മക്കളും ഇടയ്ക്ക് വീട്ടിൽ വന്നുപോകും.
മോഷണം നടന്ന ദിവസം കുഞ്ഞാമിനയുടെ രണ്ടുപെൺമക്കൾ വൈകിട്ട് ആറരമുതൽ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. തുടർന്ന് ഇരുവരും ബന്ധുവിന്റെ മകൻ പഠിക്കുന്ന ചട്ട്യോൾ എസ്‌കെവിയുപി സ്കൂളിൽ വാർഷികത്തിന് പോയി. വ്യാഴാഴ്ച രാത്രി ഇവരിലൊരാൾ വീട്ടിൽ സാധനം എടുക്കാൻ വന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വീട്ടിലെ സാധനങ്ങൾ ആകെ വാരിവലിച്ചിട്ട നിലയിലാണ്. മുകളിലത്തെ നിലയിലെ അലമാരയിലായിരുന്നു സ്വർണവും പണവും. കുഞ്ഞാമിനയുടെ ഭർത്താവ് അബ്ദുൾ നാസർ ഖത്തറിലാണ്.
മടയമ്മകുളം, കണ്ണാടിപൊയിൽ പ്രദേശത്തെ മിക്കവരും സ്കൂൾ വാർഷികാഘോഷത്തിന് പോകുമെന്ന് മോഷ്ടാവ് നേരത്തെ മനസ്സിലാക്കിയിരുന്നതായി പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ വീടിനകത്ത് ബൾബുകൾ തെളിഞ്ഞത് നാട്ടുകാർ കണ്ടിരുന്നു. പെരിങ്ങോം ഇൻസ്പെക്ടർ മെൽബിൻ ജോസ്, സബ് ഇൻസ്പെക്ടർ കെ. ഖദീജ, വിരലടയാള വിദഗ്ധർ തുടങ്ങിയവർ സ്ഥലത്തെത്തി. മണം പിടിച്ച് പോലീസ് നായ ചട്ടിയോൾ ഭാഗത്തേക്ക് ഓടി ജങ്‌ഷനിൽ നിന്നു. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറ പോലീസ് പരിശോധിച്ചുവരികയാണ്. സ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളം മുൻപ് കേസിൽപെട്ടവരുടേതുമായി പോലീസ് ഒത്തുനോക്കുന്നുണ്ട്.