തിരൂർ : ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ കുതിരയുടെ മാനസികോല്ലാസത്തിന് ചുറ്റാനിറങ്ങിയ സവാരിക്കാരനെയും കുതിരയെയും തിരിച്ചുപായിച്ച് പോലീസ്. മൂച്ചിക്കലിലാണ് സംഭവം. താനൂർ പോലീസിന്റെ നേതൃത്വത്തിൽ മൂച്ചിക്കലിൽ വാഹനപരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കുതിരപ്പുറത്തേറി പെരുവഴിയമ്പലം സ്വദേശിയായ ഒരാൾ പാഞ്ഞു വന്നത്.
അമ്പരന്ന പോലീസ് തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചു. കുതിര വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്തതിനാൽ അതിനെ പുറത്തിറക്കിയതാണ് എന്നായിരുന്നു മറുപടി. കുതിരയുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് സവാരി നടത്തിയതെന്നും ഇയാൾ പറഞ്ഞു. വിവരമറിഞ്ഞ പോലീസ് മാനസികോല്ലാസമൊക്കെ സ്വന്തം പറമ്പിൽ നടത്തിയാൽ മതിയെന്നും റോഡിൽ നടക്കില്ലെന്നുമുള്ള മറുപടിയോടെ സവാരിക്കാരനെയും കുതിരയെയും വീട്ടിലേക്ക് തിരിച്ചുപായിച്ചു.