ചെന്നൈ : ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്കായി ടോസിനിറങ്ങിയപ്പോഴെ പുതിയ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് ഇന്ന് സ്വന്തമാക്കിയത്. 36 വയസും 161 ദിവസവും പ്രായമുള്ള രോഹിത് 36 ദിവസവും 124 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യയെ ലോകകപ്പില്‍ നയിച്ച മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ റെക്കോര്‍ഡാണ് മറികടന്നത്. 1992, 1996,1999 ലോകകപ്പുകളില്‍ ഇന്ത്യന്‍ നായകനായിരന്നു അസ്ഹറുദ്ദീന്‍.
34-ാം വയസിലാണ് രോഹിത് ഇന്ത്യയുടെ നായകനായത്. 2021ല്‍ വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി സെലക്ടര്‍മാര്‍ രോഹിത്തിനെ നായകനാക്കിയത്. ടി20 നായകനാക്കിയതിന് പിന്നാലെയായിരുന്നു രോഹിത്തിനെ ഏകദിനങ്ങളിലും പിന്നീട് ടെസ്റ്റിലും നായകനാക്കിയത്. 2022ലെ ടി20 ലോകകപ്പിനുശേഷം ടി20 ടീമില്‍ കളിച്ചിട്ടില്ലെങ്കിലും രോഹിത് തന്നെയാണ് ഔദ്യോഗികമായി ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും നായകന്‍.