തെന്മല: റോസ്മല വനത്തിനുള്ളില്‍ കാണാതായ യുവാവിനെ കണ്ടുകിട്ടി. കോട്ടയം പുതുപ്പള്ളി കൊച്ചുപാറയില്‍ വീട്ടില്‍ സുമേഷിനെ(22)യാണ് പോലീസും വനപാലക സംഘവും ചേര്‍ന്ന് രാവിലെ തെന്മല പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സുഹൃത്ത് അജേഷിനൊപ്പം ഇരുവരും ബൈക്കില്‍ റോസ്മല വനത്തിലെത്തിയത് . ഉള്‍വനത്തിലേക്ക് സഞ്ചരിച്ചപ്പോള്‍ കാട്ടുപോത്തിനെ കണ്ട് ഇരുവരും ഭയന്നോടി. ഇതിനിടയില്‍ സുമേഷ് വനത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇയാള്‍ വിവരം മൊബൈല്‍ ഫോണില്‍ പോലീസിലറിയിക്കുകയും ലൊക്കേഷന്‍ അറിയിക്കുകയും ചെയ്തു .
ശേഷം മൊബൈല്‍ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനമേഖലയിലെത്തി രാത്രി വൈകിയും പോലീസും വനപാലകരും തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് സുമേഷിനെ കണ്ടെത്തിയത്. ഭീതിയില്‍ സുമേഷ് രാത്രി മുഴുവനും മരത്തിന് മുകളില്‍ കഴിച്ചുകൂട്ടിയതായാണ് പറയുന്നത്