കൊച്ചി : കേരള കോണ്‍ഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് റോഷി അഗസ്റ്റിന്‍ മന്ത്രി സ്ഥാനത്ത്. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം ജയത്തിന്റെ തിളക്കവുമായാണ് റോഷി മന്ത്രി പദം അലങ്കരിക്കുന്നത്.
റോഷി അഗസ്റ്റിന് ഇത് ചരിത്ര നിയോഗം. കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോഷി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയാണ്. കന്നിയങ്കത്തില്‍ പരാജയപ്പെട്ട റോഷിയ്ക്ക് പിന്നീട് വിജയക്കുതിപ്പിന്റെ കാലമായിരുന്നു. 1996-ല്‍ പേരാമ്പ്രയിലെ ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഇടുക്കിയില്‍ നിന്ന് തുടര്‍ച്ചയായ വിജയം നേടി. 2001 മുതല്‍ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. നാല് തവണ യു ഡി എഫ് എം എല്‍ എ ആയിരുന്ന റോഷി, ഇത്തവണ എല്‍ ഡി എഫ് പ്രതിനിധി ആയി എത്തിയാണ് മന്ത്രി പദം അലങ്കരിക്കുന്നത്.
2018, 19 വര്‍ഷങ്ങളിലെ പ്രളയ നാളുകളിലെ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ നിരവധി ജനകീയ ഇടപെടലുകള്‍ റോഷിയെ ഏവര്‍ക്കും സ്വീകാര്യനാക്കുന്നു. 1969-ല്‍ ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍ -ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച ഈ 52 കാരന്‍, നിരവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് .
പാലാ സെന്റ് തോമസ് കോളേജില്‍ നിന്ന് ഫിസിക്സില്‍ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നേഴ്സായ റാണിയാണ് ഭാര്യ. ആന്‍മരിയ, എയ്ഞ്ചല്‍ മരിയ , അഗസ്റ്റിന്‍ എന്നിവര്‍ മക്കളാണ്. കൂടുതല്‍ ജനകീയ ഇടപെടലുകളുമായി മുന്നോട്ടുപോകാനുള്ള കരുത്താണ് റോഷിക്ക് ഈ മന്ത്രിസ്ഥാനം.