ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ ഡല്‍ഹി പോലീസിന് കൈമാറി. അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കും. നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ഡല്‍ഹിയെ ചുറ്റി ട്രാക്ടറുകള്‍ അണിനിരക്കും. വൈകിട്ട് നാല് മുപ്പതിന് ഡല്‍ഹി പോലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കായി നല്‍കിയിരിക്കുന്ന റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന കാര്യം അപ്പോള്‍ പോലീസ് അറിയിച്ചേക്കും.
അതേസമയം കര്‍ഷക മരണങ്ങള്‍ 150 കടന്നു. അതിശൈത്യം കാരണം ഒരു കര്‍ഷകന്‍ കൂടി ഇന്ന് മരിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍ രേഖാമൂലം നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിരുന്നു. അതുകൂടി ലഭിച്ച ശേഷമായിരിക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയെന്നായിരുന്നു പോലീസ് അറിയിച്ചത്. സിംഗു, തിക്രി, ഗാസിപുര്‍ തുടങ്ങിയവ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ഡല്‍ഹിക്കുള്ളിലേക്ക് ട്രാക്ടര്‍ പരേഡ് കടക്കുന്നത്. 24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നാണ് വിവരം.