കൊച്ചി : പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിന്റെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേയ്ക്കു മാറ്റി വെച്ചു. തിങ്കളാഴ്ച വരെ പ്രതികളുടെ അറസ്റ്റുണ്ടാവില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനെ വിശ്വാസമാണെന്നും പോലീസില്‍ വിശ്വാസമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ മറുപടി. റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പരാതിക്കാരിയെ കൂടി കേട്ട ശേഷമേ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കാവൂ എന്ന അപേക്ഷയും മുന്നോട്ടു വെച്ചു. ഇതു കൂടി പരിഗണിച്ചാണ് കേസ് മാറ്റി വെച്ചത്.
ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്നു റോയി വയലാറ്റ് വ്യക്തമാക്കി. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതിയാണ് പരാതിക്കാരിയെന്ന വാദമാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയത്. ഇവര്‍ മകളുമായി സ്വന്ത ഇഷ്ട പ്രകാരം ഹോട്ടലിലെത്തിയതാണെന്നു പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. മൂന്നു മാസമായി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ എല്ലാ ആഴ്ചയിലും ഹാജരായി ഒപ്പിടുന്നുണ്ട്. അതുകൊണ്ടു അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നു പറയാനാവില്ല.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളുമായി ചേര്‍ന്നു തന്നെ അപകീര്‍ത്തിപെടുത്തുകയാണെന്നു റോയി വയലാറ്റ് കോടതിയില്‍ പറഞ്ഞു. അനുകൂല വിധിയുണ്ടായാല്‍ മുഖ്യ പ്രതി റോയി വയലാറ്റ്, കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി റീമാദേവ് എന്നിവരെ അറസ്റ്റു ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ അന്വേഷണ സംഘം പൂര്‍ത്തിയാക്കിയിരുന്നു.