ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ ഏതൊക്കെ ബ്രാന്റും മോഡലുകളും വന്നാലും റോയൽ എൻഫീൽഡിന്റെ (Royal Enfield) ജനപ്രിതി അതുപോലെ തന്നെ നിലനിർക്കുന്നുണ്ട്. അടുത്ത കാലത്തായി പുതിയ മോഡലുകൾ പല വിഭാഗങ്ങളിലായി അവതരിപ്പിച്ചുകൊണ്ട് കമ്പനി വിപണിയിലെ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുന്നു. റോയൽ എൻഫീൽഡ് ഹണ്ടർ 350, സൂപ്പർ മീറ്റിയോർ 650 എന്നിവയെല്ലാം അടുത്തിടെ കമ്പനി അവതരിപ്പിച്ച വാഹനങ്ങളാണ്. ഇപ്പോഴിതാ റോയൽ എൻഫീൽഡ് 650 സിസി എഞ്ചിനുമായി പുതിയ ക്ലാസിക്ക് മോട്ടോർസൈക്കിൾ (Royal Enfield Classic 650) പുറത്തിറക്കാൻ ഒരുങ്ങുന്നു.
റോയൽ എൻഫീൽഡ് ക്ലാസിക്ക് 650 എന്ന മോട്ടോർസൈക്കിളാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്. ആകർഷകമായ സവിശേഷതകളുമായിട്ടായിരിക്കും ഈ വാഹനം പുറത്തിറങ്ങുക. ഇതിനകം തന്നെ മൂന്ന് ബൈക്കുകൾ പുറത്തിറക്കിയിട്ടുള്ള റോയൽ എൻഫീൽഡ് 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്ലാസിക്ക് 650യും വരുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക്ക് 650 എന്ന ലോഞ്ച് ചെയ്യാനിരിക്കുന്ന ബൈക്കിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചതായിട്ടാണ് സൂചനകൾ. ഇതിന്റെ ചിത്രങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. റോയൽ എൻഫീൽഡ് ക്ലാസിക് 650യുടെ ടെസ്റ്റ് മ്യൂളിന് ക്ലാസിക് 350യുടെ സ്‌റ്റൈലിങ്ങുമായി വളരെയധികം സാമ്യതയുണ്ട്. നാസിലിനുള്ളിലാണ് ഹെഡ്‌ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത്. വയർ-സ്‌പോക്ക് വീലുകളും ബോഡിയിൽ ക്രോം ഫിനിഷുകളും നൽകിയിട്ടുണ്ട്. ക്ലാസിക് 350യിൽ ഉള്ള ഹാലൊജൻ ഹെഡ്‌ലൈറ്റിന് പകരം ക്ലാസിക് 650യിൽ പുതിയ മോട്ടോർസൈക്കിളുകളിൽ കാണുന്ന എൽഇഡി ഹെഡ്‌ലൈറ്റ് ആയിരിക്കും ഉണ്ടാവുക. നിലവിൽ വിൽപ്പനയിലുള്ള 650 മോഡലുകളിൽ എൽഇഡി ഹെഡ്ലൈറ്റുകളാണ് റോയൽ എൻഫീൽഡ് നൽകിയിട്ടുള്ളത്.
ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നത് റോയൽ എൻഫീൽഡ് ക്ലാസിക്ക് 650യുടെ പ്രീ-പ്രൊഡക്ഷൻ ടെസ്റ്റ് മ്യൂൾ മാത്രമാണ്. ഇതിൽ നിന്നും നിരവധി മാറ്റങ്ങളോടെ ആയിരിക്കും പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ടാവുക. റോയൽ എൻഫീൽഡ് ക്ലാസിക് 350 വളരെ ജനപ്രിയവും മനോഹരവുമായ ബൈക്കാണ്. റോയൽ എൻഫീൽഡിന്റെ ലൈനപ്പിലെ മെക്കാനിക്കലി ലളിതമായ 650 സിസി മോഡലുകളിൽ ഒന്നായിരിക്കും ക്ലാസിക് 650 എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
റോയൽ എൻഫീൽഡ് ക്ലാസിക്ക് 650യുടെ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്ക് ആയിരിക്കും ഉണ്ടാവുക. പിന്നിൽ ഡ്യൂവൽ-ഷോക്ക് അബ്സോർബർ സെറ്റപ്പും ഉണ്ടായിരിക്കും. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിി 650 എന്നിവയിൽ കാണുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ക്ലാസിക്ക് 650യിലും കമ്പനി നൽകുന്നത്. എന്നാൽ ട്യൂണിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും. ഇത് 47 എച്ച്പി പവറും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഗിയർബോക്സ് സെറ്റപ്പിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. റോയൽ എൻഫീൽഡ് ക്ലാസിക്, ബുള്ളറ്റ് മോഡലുകളുടെ ബോഡി സ്റ്റൈൽ ഏതാണ്ട് സമാനമാണ് എന്നതിനാൽ നിലവിൽ പരീക്ഷിക്കുന്നത് ബുള്ളറ്റ് 650 ആയിരിക്കാനും സാധ്യതയുണ്ട്. ഇനി നിരവധി ബൈക്കുകൾ വിപണിയിലെത്തിക്കാനുള്ള പദ്ധതികളിലാണ് റോയൽ എൻഫീൽഡ്. വൈകാതെ തന്നെ റോയൽ എൻഫീൽഡ് ഹിമാലയൻ 450 അഡ്വഞ്ചർ ബൈക്കും പുറത്തിറങ്ങും. കമ്പനിയുടെ പുതിയ എഞ്ചിനുമായിട്ടായിരിക്കും ഹിമാലയൻ 450 വരുന്നത്. ഇലക്ട്രിക്ക് ബൈക്കുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങളും റോയൽ എൻഫീൽഡ് നടത്തുന്നുണ്ട്.