കോട്ടയം : ട്രെയിനിലെ ശുചിമുറിയില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ റെയില്‍വേ സംരക്ഷണ സേന രക്ഷപ്പെടുത്തി. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കോതമംഗലം സ്വദേശിയായ 46 കാരന്‍ ട്രെയിനിന്റെ ശുചിമുറിയില്‍ കയറി കുറ്റിയിട്ട ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
മറ്റൊരു യാത്രക്കാരന്‍ ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ സംരക്ഷണ സേന എ.എസ്.ഐ കെ.എസ് മണികണ്ഠനെ വിവരം അറിയിച്ചു. ജനലിലൂടെ നോക്കിയപ്പോള്‍ അകത്ത് ഒരാള്‍ കിടക്കുന്നതായി കണ്ടു. തുടര്‍ന്ന് ശുചിമുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് ഇയാളെ പുറത്തെടുക്കുകയായിരുന്നു.
അപ്പോഴേക്കും ട്രെയിന്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന ഇയാളെയുമായി മണികണ്ഠനും കോണ്‍സ്റ്റബിള്‍ സി.ആര്‍.രാജനും ചങ്ങനാശേരി സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെ വിവരം അറിയിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.