ആലപ്പുഴ: ദീർഘദൂര യാത്രക്കാരെ മാത്രം കയറ്റി കുറഞ്ഞ ദൂരത്തേക്കുള്ള യാത്രക്കാരെ ഒഴിവാക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ ആർപിഎഫ് ഇടപെടൽ. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഓട്ടോ ഡ്രൈവർമാർ യാത്ര നിഷേധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് റെയിൽവേ സംരക്ഷണ സേന നടപടി സ്വീകരിക്കുന്നത്. പുതിയ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായി സ്റ്റേഷന്റെ മുന്നിൽ സിംഗിൾ ഓട്ടോ പോയിന്റ് സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഓട്ടോറിക്ഷകൾ രണ്ട് ലൈനുകളായി ക്രമീകരിച്ച് ഊഴമനുസരിച്ച് സർവീസ് നടത്തും. നിയമം പാലിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുമെന്നും ആർപിഎഫ് വ്യക്തമാക്കി. തിരുവനന്തപുരം റീജനൽ ഓഫീസിൽനിന്ന് അനുമതി ലഭിച്ചാലുടൻ പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആർപിഎഫ് സ്റ്റേഷൻ സി.ഐ. എ.കെ. പ്രിൻസ് അറിയിച്ചു.
യാത്രക്കാരുടെ സൗകര്യത്തിനായി സ്റ്റേഷനിൽ പ്രീപെയ്ഡ് ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നേരത്തെയും നടപ്പാക്കിയിട്ടുണ്ട്. അതേസമയം സ്റ്റേഷനിലെ ടാക്സി കാർ ഡ്രൈവർമാർക്കെതിരെയും അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് ചങ്ങനാശേരിയിലേക്ക് യാത്ര ചെയ്ത കുടുംബത്തിൽനിന്ന് പറഞ്ഞുറപ്പിച്ച തുകയേക്കാൾ അധികം പണം ഈടാക്കിയെന്നാണ് പരാതി. ചങ്ങനാശേരിയിലേക്ക് 1750 രൂപയ്ക്ക് യാത്ര ഉറപ്പിച്ച ശേഷം 2200 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് വീട്ടിലേക്കുള്ള ഏകദേശം 1.4 കിലോമീറ്റർ ദൂരത്തിന് അധികമായി 450 രൂപ ഈടാക്കിയെന്നും പരാതിക്കാരൻ പറയുന്നു.































