ജയ്പുർ : ആറുവയസ്സുള്ള മകനുമുന്നിൽ നീന്തൽക്കുളത്തിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ സർക്കിൾ ഓഫീസറേയും വനിതാ കോൺസ്റ്റബിളിനെയും പിരിച്ചുവിട്ടു. ജയ്പുർ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനെയും അജ്മേർ ബെവാറിലെ സർക്കിൾ ഓഫീസർ ഹീരലാൽ സൈനിയെയുമാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. പോക്സോ കേസിൽ അറസ്റ്റിലായ ഇരുവരേയും നേരത്തെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
ജൂലായ് പത്തിനാണ് കേസിനാസ്പദമായ സംഭവം. സർക്കിൾ ഓഫീസർക്കൊപ്പം സ്വിമ്മിങ് പൂളിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോയാണ് കോൺസ്റ്റബിൾ വാട്സാപ്പ് സ്റ്റാറ്റസായി പങ്കുവെച്ചത്. ഇത് ഭർത്താവും ബന്ധുക്കളും കണ്ടതാണ് കേസിലേക്കും അറസ്റ്റിലേക്കും നയിച്ചത്. യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിന് രണ്ട് എസ്.എച്ച്.ഒ.മാരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കോൺസ്റ്റബിളിന്റെ ജന്മദിനാഘോഷത്തിനായാണ് ഇരുവരും പുഷ്കറിലെ ആഡംബര റിസോർട്ടിൽ മുറിയെടുത്തത്. ജന്മദിനാഘോഷത്തിനിടെ കോൺസ്റ്റബിളിന്റെ ആറുവയസ്സുള്ള മകന്റെ മുന്നിൽവെച്ച് ഇരുവരും ശാരീരികബന്ധത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫോണിൽ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകൾ മറ്റൊരു ഫോൾഡറിലേക്ക് മാറ്റുന്നതിനിടെയാണ് വനിതാ കോൺസ്റ്റബിളിന് അബദ്ധം സംഭവിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടതാണ് പോക്സോ ചുമത്താൻ കാരണം.