കോട്ടയം: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മകനെ നഷ്ടമായ അമ്മയ്ക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ചത്. പാലാ രാമപുരം സ്വദേശി കുസുമം എബി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഒന്നാം എതിര്‍കക്ഷിയായും ഭാരത് പെട്രോളിയം കമ്പനിയുടെ തിരുവനന്തപുരത്തെ ടെറിട്ടറി മാനേജര്‍ രണ്ടാം എതിര്‍കക്ഷിയുമായാണ് കേസ്. തലയോലപ്പറമ്പിലുളള മരിയ ബോട്ടിലിംഗ് പ്ലാന്റാണ് മൂന്നാം എതിര്‍കക്ഷി.
2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാചക വാതക സിലിണ്ടര്‍ റെഗുലേറ്ററില്‍ കണക്ട് ചെയ്യാന്‍ ശ്രമിക്കവെ ഗ്യാസ് ചോരുകയായിരുന്നു. ഉടന്‍ തന്നെ കുസുമം മകനായ സെബിന്‍ എബ്രഹാമിനെ വിളിച്ച് ഗ്യാസ് ചോര്‍ച്ച നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇരുവര്‍ക്കും ദേഹമാസകലം പൊളളലേല്‍ക്കുകയും ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പൊളളലേറ്റ സെബിന്‍ മരണപ്പെട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ക്ലര്‍ക്കായിരുന്നു മുപ്പതുവയസുകാരനായ സെബിന്‍. കുസുമത്തിന് 50 ശതമാനം പൊളളലേറ്റിരുന്നു.