കണ്ണൂർ: കെ.സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോൺ സംഭാഷണം പുറത്ത്. സികെ ജാനുവിനും ജെആർപിക്കും പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പണം ഏർപ്പാട് ചെയ്തിരിക്കുന്നത് ആർഎസ്എസ് ഓർഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രന്റെ സംഭാഷണത്തിലുള്ളത്.
ആർഎസ്എസ് പ്രതിനിധിയായ ബിജെപി ഓർഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്. ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രൻ പറയുന്നതായി കേൾക്കാം. മാർച്ച് 25നാണ് സുരേന്ദ്രൻ പ്രസീതയെ വിളിച്ചത്. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വെച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ആണ് പണം കൈമാറിയത്.
സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററാണ് പ്രസീത അഴീക്കോട്. കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ചുകൊണ്ട് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം പ്രസീത നേരത്തേ പുറത്ത് വിട്ടിരുന്നു. ഈ കേസിലെ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. നവാസ് കൽപറ്റ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ബത്തേരി പോലീസ് കെ സുരേന്ദ്രനെതിരെയും സി കെ ജാനുവിനെതിരെയും കേസെടുത്തത്.