ആലപ്പുഴ: അന്തരിച്ച ആർ എസ് എസ് സൈദ്ധാന്തികൻ പി.പരമേശ്വരന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ജന്മനാടായ ആലപ്പുഴ മുഹമ്മയിൽ കായിപ്പുറത്തു താമരശ്ശേരി ഇല്ലത്തായിരുന്നു സംസ്കാരം. നേരത്തെ തിരുവന്തപുരത്തുനിന്നും വിലാപയാത്രയായാണ് ഭൗതികദേഹം ജന്മനാട്ടിൽ എത്തിച്ചത്. തിരുവനന്തപുരത്തുനിന്നും രാവിലെ 10.55 ഓടെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് 2.55ന് ജന്മനാടായ ആലപ്പുഴ മുഹമ്മയിലെത്തുകയായിരുന്നു . മുഹമ്മ കായിപ്പുറം താമരശ്ശേരി ഇല്ലത്തു പൊതുദർശനത്തിനു വെച്ച ഭൗതികശരീരം കണ്ട് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ ജന്മഗൃഹത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ തൃശൂർ മായന്നൂരിൽ നിള സേവാസമിതി സെക്രട്ടറി കെ. ശശികുമാറിന്റെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. ആർ എസ് എസ്, ജനസംഘം തുടങ്ങിയവയുടെ ആശയ പ്രചാരണത്തിനു കേരളത്തിൽ ചുക്കാൻ പിടിച്ചയാളായിരുന്നു അദ്ദേഹം.