തിരുവനന്തപുരം: സര്‍വീസില്‍ നിന്നും വിരമിക്കുന്നവരുടെ പുനര്‍നിയമനത്തിനു മന്ത്രിസഭായോഗത്തിന്റെ അനുമതി നിര്‍ബന്ധമാക്കി സര്‍ക്കാര്‍. അനുമതിയില്ലാതെ പുനര്‍നിയമനം നടത്തരുതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിജിലന്‍സ് ക്ലിയറന്‍സിനൊപ്പം ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ മന്ത്രിസഭായോഗത്തിനു നല്‍കാവൂ എന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കുന്നു. റൂള്‍സ് ഓഫ് ബിസിനസിലെ വ്യവസ്ഥകള്‍ വകുപ്പുകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
റൂള്‍സ് ഓഫ് ബിസിനസ് വ്യവസ്ഥകള്‍ അനുസരിച്ച് പുനര്‍ നിയമനം സംബന്ധിച്ച എല്ലാ പ്രൊപ്പോസലുകളും മന്ത്രിസഭായോഗത്തിനു സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍, പല വകുപ്പുകളും ഇതു പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പുനര്‍ നിയമനം സംബന്ധിച്ച എല്ലാ പ്രൊപ്പോസലുകളും മന്ത്രിസഭായോഗത്തിനു മുമ്പാകെ സമര്‍പ്പിക്കണം.
മന്ത്രിസഭായോഗം അംഗീകാരം നല്‍കിയാല്‍ മാത്രമേ പുനര്‍നിയമനം നടത്താന്‍ പാടുള്ളൂ. ഫയല്‍ മന്ത്രിസഭായോഗത്തിനു മുന്നില്‍ വരുന്നതിനു മുമ്പ് വിജിലന്‍സ് ക്ലിയറന്‍സ് ലഭ്യമാക്കണം. ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച്, വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ ഫയലുകള്‍ മന്ത്രിസഭായോഗത്തിനു സമര്‍പ്പിക്കാന്‍ പാടുള്ളൂ. പുനര്‍ നിയമനത്തിന്റെ കാലാവധി നീട്ടുന്ന കാര്യത്തിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ വരുത്തിയാല്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.