പത്തനംതിട്ട : തൊഴിൽ മേഖലയിൽ ഭിന്നശേഷി ജീവനക്കാർക്ക് സംവരണം നൽകിയില്ലെങ്കിൽ നടപടിയെടുക്കാൻ ബാധ്യസ്ഥമായ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഓഫീസിൽ ഒരു ഭിന്നശേഷിക്കാരൻ ആയ ജീവനക്കാരൻ പോലും ജോലി ചെയ്യുന്നില്ലെന്ന് വിവരാവകാശ രേഖ. ആകെയുണ്ടായിരുന്ന ഒരു ഭിന്നശേഷി ജീവനക്കാരനെ ക്രിമിനൽ സ്വഭാവമുള്ള പ്രവർത്തിയിൽ ഏർപ്പെട്ടതിനാൽ പിരിച്ചുവിട്ടതായും വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്.
നിലവിൽ 15 ജീവനക്കാരാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഓഫീസിൽ ഉള്ളത്. ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽചെയർ പ്രവേശിക്കാൻ ആകും വിധം റാമ്പുകൾ നിർമ്മിച്ചിട്ടില്ലാത്ത ജില്ലാ കളക്ടറേറ്റുകളെ പറ്റിയുള്ള വിവരങ്ങൾ അറിയില്ലെന്നും ആയവ അപേക്ഷകനായ റഷീദ് ആനപ്പാറക്ക് ലഭ്യമാക്കി കൊടുക്കുവാൻ എല്ലാ ജില്ലാ കളക്ടറേറ്റിലെയും വിവരാവകാശ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ഭിന്നശേഷി കമ്മീഷണറുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥൻ റഷീദ് ആനപ്പാറ നൽകിയ മറുപടിയിൽ പറയുന്നു.