പത്തനംതിട്ട : കേരളത്തിൽ ഭിന്നശേഷിക്കാർ 7,91,998 പേർ ഉണ്ടെന്ന് വിവരാവകാശരേഖ. ഇവരിൽ 50994 പേർ ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയതായും 394115 പേർക്ക് കാർഡ് നൽകിയതായും വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവാകുന്നത്. 2016 മുതൽ 2021 വരെ ശൈലജ ടീച്ചർ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ചുമതല വഹിച്ചു.
2021 മുതൽ ഡോക്ടർ ആർ ബിന്ദു മന്ത്രിയായി തുടരുന്നു. ഇവർ ഇരുവരുടെ കാലയളവിലും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ചതും ചെലവരിച്ചതും നീക്കി ബാക്കിയായ തുകയുടെ കണക്കുകൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും അതുകൊണ്ട് നൽകാൻ കഴിയില്ലെന്നും മറുപടിയിൽ പറയുന്നു. എന്നാൽ സർക്കാർ ഫണ്ടുകളുടെ വരവുചെലവ് കണക്കുകൾ ക്രോഡീകരിച്ചു വെച്ചിട്ടില്ല എന്ന മറുപടി തൃപ്തികരമല്ലെന്നും വിവരങ്ങൾ ലഭ്യമാക്കി തരണമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് വിവരാവകാശ നിയമം 19(1)പ്രകാരം അപ്പീൽ നൽകിയതായും റഷീദ് ആനപ്പാറ പറഞ്ഞു.