തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ് ചെയർമാൻ എൻ ഹരി. രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാക്കി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്ന സംവിധാനം മാത്രമാണിതെന്നും എൻ ഹരി വിമർശിച്ചു. റബർ ബോർഡ് പ്രസിഡന്‍റായി എൻ ഹരിയെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കോട്ടയം ബി ജെ പി മേഖല പ്രസിഡന്‍റാണ് എൻ ഹരി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ഉത്തരവിറക്കിയത്. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനം മാറ്റില്ലെന്ന് എൻ ഹരി വ്യക്തമാക്കിയിട്ടുണ്ട്. റബറിന്റെ അനന്ത സാധ്യതകൾ, കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിഗണിക്കുമെന്നും ഹരി വ്യക്തമാക്കിയിരുന്നു.
റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് സംസ്ഥാന ബജറ്റിൽ ഉയർത്തിയത്. റബർ താങ്ങുവില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി പറഞ്ഞു. 300 രൂപ ആക്കും എന്നായിരുന്നു യുഡിഎഫ് പ്രകടനപത്രിക. കാർഷിക ബജറ്റ് ഉണ്ടാകും എന്നും യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞു. അത് നടപ്പിലാക്കിയില്ലെന്നും തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു. രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നു.
പാർട്ടി മുന്നോട്ട് വെച്ച ആവശ്യം യുഡിഎഫിൻ്റെ ബജറ്റിൽ ഉണ്ട്. വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം. ഈ സർക്കാർ വന്നതിനു ശേഷം 7 പേരെ ആന ചവിട്ടിക്കൊന്നു. ഈ മരിച്ചത് ഒക്കെ മനുഷ്യർ അല്ലേയെന്നും ജോസ് കെ മാണി ചോദിച്ചു. വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. അത് നടപ്പിലാക്കുമ്പോൾ സൂക്ഷിക്കണം. കേന്ദ്രത്തിന്റെ ഭരണം ആകരുത് സംസ്ഥാനത്ത്. ചില മേഖലകളിൽ ഉദ്യോഗസ്ഥർ വന്നു ഇരുന്നത് പരിശോധിക്കണം. അത് സർവകലാശാലയിലും കോടതി ആയാലും ഭരണ സംവിധാനത്തിൽ ആയാലും ഗൗരവം ഉള്ളതാണ്. അതുകൊണ്ട് കേന്ദ്രത്തിന്റെ ഭരണം കേരളത്തിൽ ഉണ്ടാവാതിരിക്കാൻ സൂക്ഷിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.





























