കുളത്തൂപ്പുഴ : ആദിവാസി കോളനിയില്‍ കഴിഞ്ഞ രാത്രിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ പിടികൂടിയതായി അഭ്യൂഹം. വിവരമറിഞ്ഞ് വനപാലകരെത്തി നടത്തിയ തെരച്ചിലില്‍ എലിയെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം വില്ലുമല ആദിവാസി കോളനിയിലായിരുന്നു സംഭവം. വനസംരക്ഷണ സമിതി പ്രസിഡൻറും ഊരുമൂപ്പനുമായ തങ്കപ്പന്‍ കാണിയുടെ വളര്‍ത്തുനായകളിലൊന്നിനെ ഏതാനുംനാള്‍ മുമ്പ് പുലി പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ ഉമ്മറത്ത് നിറയെ ചോരപ്പാടുകള്‍ കാണുകയും വളര്‍ത്തുനായയെ കാണാനില്ലാതാകുകയും ചെയ്തു. ഇതേതുടര്‍ന്ന് കല്ലുവരമ്പ് സെക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പ്രദേശത്ത നടത്തിയ തെരച്ചിലില്‍ വീടിനുസമീപത്തായി മുറിവേറ്റ് ചത്ത നിലയില്‍ വലിയ എലിയെ കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉമ്മറത്തെത്തിയ എലിയെ നായ പിടികൂടിയതാവാം ചോരപ്പാടുകള്‍ കാണാനിടയായതിന് പിന്നിലെന്നും വനപാലകര്‍ പറഞ്ഞു. ഇതോടെയാണ് സമീപ വാസികളടക്കമുള്ള നാട്ടുകാരുടെ ഭീതി ഒഴിഞ്ഞത്.