കിയവ്: യുക്രൈനെതിരെ ശക്തമായ വ്യോമാക്രമണം നടത്തി റഷ്യ. കൂടുതൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇതുവരെ നടത്തിയതിൽ എറ്റവും രൂക്ഷമായ ആക്രമണമാണ് ഒറ്റ രാത്രിയിൽ റഷ്യ നടത്തിയത്. മൂന്ന് കുട്ടികളടക്കം 14 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിർത്തൽ വേണമെന്ന ആവശ്യം നിരാകരിച്ച് റഷ്യ നടത്തുന്ന രൂക്ഷമായ ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി ശക്തമായി അപലപിച്ചു. റഷ്യൻ നേതൃത്വത്തിനുമേൽ ശക്തമായ സമ്മർദം ചെലുത്താതെ ഈ ക്രൂരത അവസാനിപ്പിക്കാൻ കഴിയില്ല. അമേരിക്കയുടെ നിശബ്ദത പുടിനെ പ്രോത്സാഹിപ്പിക്കുകയെയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രൈനിൽ ആക്രമണം തുടങ്ങിയത്. നിലവിൽ യുക്രൈനിന്റെ ഭൂപ്രദേശത്തിന്റെ 20 ശതമാനം റഷ്യൻ നിയന്ത്രണത്തിലാണ്. 2014ൽ റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഉപദ്വീപായ ക്രിമിയ അടക്കമാണിത്. റഷ്യൻ ആക്രമണത്തെ തുടർന്ന് 30 നഗരങ്ങളിലും മറ്റു ഗ്രാമ പ്രദേശങ്ങളിലും നാശനഷ്ടമുണ്ടായെന്നും ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യ യുദ്ധം നീട്ടിക്കൊണ്ടുപോയി എല്ലാ ദിവസവും ആളുകളെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു.