മോസ്‌ക്കോ: ഉക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി റഷ്യ. 103 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായാണ് ഉക്രൈന്റെ പ്രതികരണം. ഖാര്‍കീവ്, ഡൊണെട്‌സ്‌ക് തുടങ്ങിയ ഏഴോളം പ്രദേശങ്ങള്‍ റഷ്യ ലക്ഷ്യമിട്ടെന്നും ഉക്രൈൻ പറയുന്നു. റഷ്യയുടെ ഭീകരവാദമായാണ് ഉക്രൈന്‍ പ്രസിഡന്റ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. വടക്കന്‍ ഉക്രൈനിലെ പ്രൈലുകി നഗരത്തില്‍ വ്യാഴാഴ്ച റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ വ്യോമതാവളത്തില്‍ ഉക്രൈന്‍ ഡ്രോണാക്രമണം നടത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം. ഉക്രൈന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് റഷ്യ പ്രതികരിച്ചിരുന്നു. ഉചിതമായ സമയത്ത് തിരിച്ചടിക്കുമെന്നാണ് പ്രഖ്യാപിച്ചത്.
അതേസമയം ആക്രമണത്തില്‍ റഷ്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. യുദ്ധം ആരംഭിച്ചതിനുശേഷം 632-ാംത്തെ കുട്ടിയെയാണ് തങ്ങള്‍ക്ക് നഷ്ടമാകുന്നതെന്ന് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. കഴിഞ്ഞ രാത്രി പ്രൈലുകിയ നഗരത്തില്‍ ആറ് ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരാളുടെ വീട് തകര്‍ന്നു. അദ്ദേഹത്തിന്റെ ഭാര്യയും മകളും ഒരുവയസുള്ള മകനും കൊല്ലപ്പെട്ടു. ഇത് 632-ാമത്തെ കുട്ടിയാണ് യുദ്ധം ആരംഭിച്ചശേഷം നഷ്ടപ്പെടുന്നത്. – സെലന്‍സ്‌കി കുറിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ഉക്രൈന്‍ യുദ്ധം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഫോണിലാണ് ഇരുവരും സംസാരിച്ചത്. ഉക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുതിന്‍ പറഞ്ഞതായി ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.