മോസ്കോ : റഷ്യയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ചാം തവണയും ഭരണത്തുടർച്ച ലക്ഷ്യമിട്ട് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ രംഗത്ത് . 15 മുതൽ 17 വരെയാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഫലപ്രഖ്യാപനമുണ്ടാകും.മേയിലാണ് സത്യപ്രതിജ്ഞ. യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള മേഖലകളിലും വോട്ടെടുപ്പ് നടത്തുന്നുണ്ട്. സ്വതന്ത്രനായാണ് പുട്ടിന്റെ മത്സരം. നികലൊയ് ഖാറിറ്റോനോവ് ( കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയനിഡ് സ്ലറ്റ്സകി (ലിബറൽ ഡെമോക്രാറ്റിക് പാർട്ടി), വ്ലാഡിസ്ലാവ് ഡാവൻകോവ് ( ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.
ഇവർ ഭരണകൂടത്തിന്റെ പാവ സ്ഥാനാർത്ഥികളാണെന്നാണ് ആരോപണം. പ്രതിപക്ഷ അംഗമായ ബോറിസ് നാഡെഷ്ഡിൻ അടക്കം യുക്രെയിൻ യുദ്ധത്തെ എതിർക്കുന്നവരെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയിരുന്നു.പ്രതിപക്ഷവും മാദ്ധ്യമങ്ങളും പൂർണമായും തന്റെ നിയന്ത്രണവലയത്തിലായതിനാൽ71കാരനായ പുട്ടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. പുട്ടിന് നിലവിൽ രാജ്യത്ത് 85 ശതമാനം ജനപിന്തുണയുണ്ടെന്നാണ് സർവേ ഫലം. ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ. കുറഞ്ഞത് 2030 വരെയെങ്കിലും അദ്ദേഹം പദവിയിൽ തന്നെ തുടരും.