ഹവാന: റഷ്യയുടെ ആണവ അന്തർവാഹിനിയായ ‘കസാൻ’ ക്യൂബൻ തീരത്തെത്തി. അത്യാധുനിക യുദ്ധക്കപ്പലായ അഡ്‌മിറൽ ഗോർഷ്കൊവ് അടക്കം റഷ്യൻ നേവിയുടെ മൂന്ന് കപ്പലുകളും കസാനൊപ്പമുണ്ട്. യുക്രെയിൻ സംഘർഷത്തിന്റെ പേരിൽ തങ്ങളെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിലുള്ള ശക്തിപ്രകടനമായാണ് റഷ്യ കസാനെയും പടക്കപ്പലുകളെയും ക്യൂബൻ തീരത്ത് അടുപ്പിച്ചിരിക്കുന്നത്.യു.എസിലെ ഫ്ലോറിഡ സംസ്ഥാനത്ത് നിന്ന് 90 മൈൽ മാത്രം അകലെയുള്ള ഹവാന ബേയിലാണ് അന്തർവാഹിനിയും കപ്പലുകളുമുള്ളത്. അതിശക്തമായ സിർകോൺ ഹൈപ്പർസോണിക് മിസൈലുകളെ വഹിക്കാൻ ശേഷിയുള്ളവയാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും.
ക്യൂബയിലേക്കുള്ള യാത്രാ മദ്ധ്യേ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ വച്ച് മിസൈലുകൾ ഉപയോഗിച്ച് സൈനികാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് കസാനും അഡ്‌മിറൽ ഗോർഷ്കൊവും എത്തിയിരിക്കുന്നത്. അതേ സമയം, കപ്പലുകളിലോ അന്തർവാഹിനിയിലോ മിസൈൽ ഇല്ലെന്നാണ് ക്യൂബ പറയുന്നത്. അഞ്ച് ദിവസത്തേക്കുള്ള അവയുടെ സന്ദർശനം മേഖലയ്ക്ക് ഭീഷണിയല്ലെന്നും പറയുന്നു.