കൊച്ചി : കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി മുതിര്‍ന്ന അഭിഭാഷകൻ എസ്.മനു ചുമതലയേറ്റു. രാവിലെ 10.30 ന് ഹൈക്കോടതിയിലെ എഎസ്ജി ഓഫിസിലായിരുന്നു ചടങ്ങ്. മുന്‍ അസിസ്റ്റന്റ് സോളിസിറ്റർ ജനറല്‍ അഡ്വ.പി.വിജയകുമാര്‍, സീനിയര്‍ പാനല്‍ കൗണ്‍സല്‍ ടി.സി കൃഷ്ണ, മറ്റു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ അസിസ്റ്റന്റ് സോളിസിറ്റർ ജനറല്‍ പി.വിജയകുമാര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എസ്.മനു ചുമതലയേറ്റത്.
ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന മുഖ്യ ചുമതലയാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റേത്. കോട്ടയം ആനിക്കാട് സ്വദേശിയാണ്. കേരള സർവകലാശാലയിൽനിന്നു നിയമ ബിരുദവും, അണ്ണാമലൈ സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1998 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2016 മുതൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡിആർഐ, കസ്റ്റംസ്, സെൻട്രൽ എക്‌സൈസ് എന്നിവയുടെയും സീനിയർ സ്റ്റാൻഡിങ് കൗൺസിലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.