തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകട മരണത്തില്‍ കൂടുതല്‍ ദുരൂഹത ഉണര്‍ത്തുന്ന വിവരങ്ങള്‍ കൂടി പുറത്തുവരുന്നു. പിന്നില്‍ നിന്നുമെത്തിയ ടിപ്പര്‍ലോറി കയറിയിറങ്ങിയാണ് പ്രദീപ് കൊല്ലപ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പുള്ളതും അപകട ശേഷമുള്ളതുമായ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദീപ് ആദ്യം ബൈക്കില്‍ പോകുന്നതും പിന്നാലെ ഈ ടിപ്പര്‍ വരുന്നതും വ്യക്തമാണ്. അപകടത്തിന് ശേഷം അമിത വേഗതയില്‍ ടിപ്പര്‍ ഓടിച്ചു പോകുന്നതും കാണാം.
ലോറിയുടെ പിന്നില്‍ ലോഡും കയറ്റിയിട്ടുള്ള കാര്യം ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പിന്നില്‍ നിന്നെത്തി പ്രദീപിന്റെ സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നത്. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുകയും ചെയ്യുമ്പോള്‍ പ്രദീപിന്റെ മരണത്തിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടോ എന്ന സംശയവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
അതേസമയം പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ലോറി ഇനിയും കണ്ടെത്താന്‍ സാധിക്കാത്തതും ദുരൂഹത ഉയര്‍ത്തുന്നതാണ്. നിരവധി സിസി ടി വി ക്യാമറകള്‍ ഉള്ള ദേശീയ പാതയില്‍ ഒരു അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡും കേരളാ പത്രപ്രവര്‍ത്തക യൂണിയനും ആവശ്യപ്പെട്ടൂ. അപകടത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഫോര്‍ട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് ഡിസിപി ദിവ്യ വി ഗോപിനാഥ് അറിയിച്ചു.
അപകടശേഷമുള്ള ദൃശ്യങ്ങളിലും ടിപ്പര്‍ വേഗത്തില്‍ പോകുന്നത് വ്യക്തമാണ്. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദീപിന്റെ കുടുംബം രംഗത്തെത്തി. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു. ഓണ്‍ലൈന്‍ ചാനല്‍ രംഗത്ത് സജീവമായപ്പോള്‍ തന്നെ പ്രദീപിന് ഫോണിലൂടെ നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദീപ് നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ വേണ്ടിയായിരുന്നു ഭീഷണി കോളുകള്‍ വന്നിരുന്നത്. അതൊന്നും പ്രദീപ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓണ്‍ലൈന്‍ ചാനല്‍ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് കാരയ്ക്കാ മണ്ഡപത്തു വെച്ച് അപകടമുണ്ടായത്. ജയ്ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ നേരത്തേ വാര്‍ത്ത അവതാരകനായിരുന്നു. അതേസമയം പ്രദീപിന്റെ മരണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അടക്കം ആവശ്യപ്പെടുന്നവരുണ്ട്.
സംസ്ഥാന സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്ന പ്രദീപിന്റെ മരണത്തില്‍ ഏറെ ദുരൂഹതകളുണ്ടെന്ന് ഓണ്‍ലൈന്‍ മീഡിയാ മാനേജ്മെന്റ്കളുടെ പ്രബല സംഘടനയായ ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡും ആരോപിക്കുന്നു. ഇത് വെറും അപകടമരണമാക്കി തേയ്ച്ചു മായിച്ചു കളയാന്‍ അനുവദിക്കില്ലെന്നും പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ നിയമപരമായ മറ്റുവഴികള്‍ തേടുമെന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.