പത്തനംതിട്ട : ശബരി റെയിൽപാതയുടെ സർവേയുടെ ഭാഗമായി ചെങ്ങന്നൂർ മുതൽ ആറന്മുള, കോഴഞ്ചേരി, റാന്നി വരെ വെള്ളിയാഴ്ച രാവിലെ ഏരിയൽ സർവേ നടന്നു. ചെങ്ങന്നൂർ – പമ്പ ആകാശപാത ലൊക്കേഷൻ സർവേയുടെ ഭാഗമായി ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലിഡാർ സർവേയാണ് നടന്നതെന്ന് അധികൃതർ അറിയിച്ചു. ഹൈദ്രബാദ് ആസ്ഥാനമായ ഏജൻസി നടത്തിയ ആദ്യ സർവേയിൽ മേഘം മൂലം കൃത്യമായ രേഖാചിത്രം ലഭിക്കാതിരുന്നതുമൂലമാണ് വീണ്ടും ഹെലികോപ്റ്റർ പറത്തിയത്. സർവേയിലൂടെ ചെങ്ങന്നൂർ – പമ്പ ദൂരം കുറയ്ക്കാനും ശ്രമിക്കുകയാണെന്നും അധികൃതർ പറയുന്നു
ചെങ്ങന്നൂരിൽ ആരംഭിച്ച സർവേയും മണ്ണ് പരിശോധനയും ആറന്മുള വഴി കഴിഞ്ഞദിവസം കോഴഞ്ചേരി കടന്നിരുന്നു. ഇത് പലയിടത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയതിനിടയിലാണ് ഏരിയൽ സർവേ നടന്നത്. കെ റെയിൽ സിൽവർ ലൈൻ പദ്ധതി പ്രതിഷേധത്തിന് പിന്നാലെ ചെങ്ങന്നൂർ – പമ്പ റെയിൽവേക്ക് എതിരെയും ജനങ്ങൾ ഇതോടെ എതിർപ്പ് അറിയിക്കുമെന്ന് വ്യക്തമായി. ചെങ്ങന്നൂരിൽനിന്ന് ആറന്മുള – കോഴഞ്ചേരി – അയിരൂർ – വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായാണ് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. വേഴാമ്പൽ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാൻ ഇ ശ്രീധരൻ പരിശോധിച്ചതും ഇതായിരുന്നു. എന്നാൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സർവേ പ്രകാരം പമ്പാതീരത്തുനിന്നു മൂന്ന് കിലോമീറ്റർ അകലത്തിലാണ് ലൈൻ കടന്നുപോകുന്നത്. ചെങ്ങന്നൂർ നഗരസഭയിൽ ആരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 65 കിലോമീറ്ററിലധികം ദൈർഘ്യമാണുള്ളത്. ചെങ്ങന്നൂർനിന്ന് 53 മിനിറ്റാണ് പമ്പാ യാത്രക്ക് വേണ്ടിവരുന്നത്. എന്നാൽ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെയാണ് സർവേ നടപടികളെന്നും ആരോപണമുണ്ട്.