പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷത്തെ വരുമാനം ഇതുവരെ 15 കോടി രൂപയോളം മാത്രമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. വരുമാനം കുറയുന്നത് ബോര്‍ഡിന്റെ മറ്റ് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. വരുമാനമില്ലാത്ത ചെറിയ ക്ഷേത്രങ്ങള്‍ നടത്തിപ്പോരുന്നത് ശബരിമലയിലെ വരുമാനം ഉപയോഗിച്ചാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ചു. വരുമാന നഷ്‌ടം നികത്താന്‍ മാസപൂജ സമയത്ത് കൂടുതല്‍ ദിവസങ്ങളില്‍ നട തുറക്കണമെന്ന് ആലോചനയുണ്ട്. തന്ത്രി ഉള്‍പ്പടെയുളളവരോട് ഇക്കാര്യം ആലോചിക്കുമെന്നും എന്‍.വാസു അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് ഇപ്പോള്‍ കടന്നുപോകുന്നത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലെ കുറവ് വരുമാനത്തിലുമുണ്ട്. കഴിഞ്ഞ വര്‍ഷം 200 കോടിയോളം ലഭിച്ച സ്ഥാനത്ത് ഇത്തവണ 15 കോടി മാത്രം. ബോര്‍ഡിലെ ശമ്പളത്തിന് മാത്രം 30 കോടിയോളം ഒരു മാസം വേണ്ടിവരും. സര്‍ക്കാരിനോട് സഹായം ചോദിച്ചതായും സര്‍ക്കാരിന് ബോര്‍ഡിനോട് പോസിറ്റീവ് സമീപനമാണെന്നും വാസു പറഞ്ഞു.
ശബരിമലയില്‍ ഏറ്റവുമധികം ഭക്തജന തിരക്ക് അനുഭവപ്പെടുന്ന സമയമാണ് മകരവിളക്ക് സമയം. എന്നാല്‍ ഇത്തവണ മകരവിളക്ക് ഒരു ചടങ്ങ് മാത്രമായി മാറുമെന്ന് ഉറപ്പായി. നാളെ മകരവിളക്ക് സമയത്ത് സന്നിധാനത്ത് പരമാവധി 240 പേരെ മാത്രമേ അനുവദിക്കുകയുളളു. മകരസംക്രമ പൂജ 14ന് രാവിലെ 8.10നും 8.32നുമിടയിലാണ്. ഇന്ന് ദര്‍ശനത്തിനെത്തുന്നവരെയാരെയും ശബരിമലയില്‍ തങ്ങാന്‍ അനുവദിക്കില്ല. മുന്‍വര്‍ഷങ്ങളില്‍ മകരവിളക്ക് ദര്‍ശനത്തിനായി ക്യാമ്പ് ചെയ്യാന്‍ ഭക്തരെ അനുവദിച്ചിരുന്നെങ്കില്‍ ഇത്തവണ അത്തരം അനുമതികളൊന്നും നല്‍കുന്നില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇത്തവണ കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനാണ് നിയോഗിച്ചിരിക്കുന്നത്.