കൊച്ചി: ശബരിമലയില്‍ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് വൻ പരിഷ്കാരങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ജനക്കൂട്ട നിയന്ത്രണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നിർദ്ദേശങ്ങൾ ഉള്‍ക്കൊള്ളിച്ച സമഗ്ര റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് റിപ്പോര്‍ട്ട് അംഗീകരിച്ചു. തിരക്ക് ഏറ്റവും കൂടുതലുള്ള സമയങ്ങളില്‍ തീര്‍ത്ഥാടകരുടെ ഒഴുക്ക് ക്രമീകരിക്കുന്നതിനായി പോലീസുമായി സഹകരിച്ച് എഐ അധിഷ്ഠിത സംവിധാനം വികസിപ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
താമസസൗകര്യത്തിലും വലിയ മാറ്റങ്ങളാണ് ബോര്‍ഡ് വിഭാവനം ചെയ്യുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഏകദേശം 400 മുറികള്‍ തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കും. നിരക്കുകളില്‍ വലിയ ഇളവ് വരുത്തി 50 രൂപ മാത്രം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഇത് തിരിച്ചു നല്‍കില്ല. മുറികളുടെ ശുചിത്വവും പരിപാലനവും ഉറപ്പാക്കാന്‍ പ്രൊഫഷണല്‍ ഹൗസ്‌കീപ്പിംഗ് ഏജന്‍സികളെ ചുമതലപ്പെടുത്തും. ശുചിത്വ പരിപാലനത്തിന്റെ ഭാഗമായി ഭക്ഷ്യാവശിഷ്ടം, ജൈവം, അജൈവം എന്നിങ്ങനെ മാലിന്യം മൂന്നായി തരംതിരിക്കുന്ന സംവിധാനം നിര്‍ബന്ധമാക്കും. കൂടുതല്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. മൂന്ന് അറകളുള്ള സെപ്റ്റിക് സംവിധാനങ്ങള്‍ നവീകരിക്കും. തടസമില്ലാതെ ശുദ്ധജല വിതരണം ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇ-ടെന്‍ഡര്‍ വഴി 6,000 മെട്രിക് ടണ്‍ പഞ്ചസാരയും ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് (ജെം) പോര്‍ട്ടല്‍ വഴി 1,500 മെട്രിക് ടണ്‍ പഞ്ചസാരയും സംഭരിക്കും. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ തത്സമയ പരിശോധനയ്ക്കായി നൂതന ലബോറട്ടറി സജ്ജമാക്കും. ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണ സൗകര്യങ്ങളും മെച്ചപ്പെടുത്തും. സുതാര്യമായ ടെന്‍ഡര്‍ നടപടികള്‍ ഉറപ്പാക്കാന്‍ കടകള്‍, ഹോട്ടലുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇ-ടെന്‍ഡറും ഇ-ലേലവും സംയോജിപ്പിച്ച സംവിധാനം നടപ്പാക്കും. സമാന സ്വഭാവമുള്ള പദ്ധതികള്‍ ഒരുമിച്ച് ചേര്‍ത്ത് ടെന്‍ഡറുകളുടെ എണ്ണം 300ല്‍ നിന്ന് 40ല്‍ താഴെയായി കുറയ്ക്കും. വിരമിച്ച ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗുണനിലവാര പരിശോധന നടത്തുക.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പ്ലാസ്റ്റിക് നിരോധനം, വസ്ത്രധാരണ രീതി എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ‘ശബരിമല സന്ദേശം’ എന്ന പേരില്‍ പ്രത്യേക മാസിക പുറത്തിറക്കും. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിലെത്തുന്നത്. ഇതിനിടെ ഉണ്ടാകുന്ന തിരക്കും സൗകര്യങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് നേരത്തെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം ബോര്‍ഡ് സമഗ്ര പരിഷ്കാരങ്ങളുമായി രംഗത്തെത്തിയത്.


































