കോട്ടയം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുടെ മുന്നോട്ടുപോക്കില്‍ ഭൂമിക്കുരുക്ക്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയെ സൂചിപ്പിക്കുന്ന ഇടങ്ങളില്‍ ഉടമാവകാശ പരാമര്‍ശം എങ്ങനെയെന്നതാണ് വിഷയം. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ നടപടികളില്‍ ചെറുവള്ളി ആരുടേത് എന്ന് രേഖപ്പെടുത്തുമെന്നതില്‍ രണ്ട് അഭിപ്രായങ്ങളാണ് റവന്യൂവകുപ്പിന് മുന്‍പില്‍വന്നത്. അയന ട്രസ്റ്റ് കരമടച്ച് കൈവശംവെച്ചുവരുന്നതും സര്‍ക്കാര്‍ ഉടമാവകാശം ഉന്നയിച്ച് സിവില്‍ കേസ് കൊടുത്തിട്ടുള്ളതുമായ ഭൂമി എന്ന് പരാമര്‍ശിക്കണമെന്നാണ് ഒരു വാദം. പാട്ടക്കാലാവധി കഴിഞ്ഞതും സര്‍ക്കാര്‍ സിവില്‍ കേസ് നടത്തിവരുന്നതുമായ ഭൂമി എന്ന പരാമര്‍ശം മതിയെന്നാണ് മറ്റൊരഭിപ്രായം.
അയനയുടെ പേര് പരാമര്‍ശിച്ചാല്‍ ഉടമാവകാശം അംഗീകരിക്കലാകുമോ എന്നതാണ് സംശയം. പാലാ കോടതിയില്‍, ഭൂമിയുടെ ഉടമാവകാശത്തിന്റെ കേസ് നടക്കുകയാണ്. കരമടയ്ക്കുന്നതുകൊണ്ടുമാത്രം ഒരുഭൂമിയിലും ഉടമാവകാശം ഉറപ്പെന്ന് പറയാന്‍ കഴിയില്ലെന്നാണ് കഴിഞ്ഞ സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്‍ പറഞ്ഞത്. പല വാദങ്ങള്‍ ഉണ്ടെങ്കിലും ഭൂമിവില കോടതിയില്‍ കെട്ടിവെച്ചുമാത്രമേ സര്‍ക്കാരിന് മുമ്പോട്ടുപോകാന്‍ കഴിയൂ എന്നാണ് അയനയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.