തിരുവനന്തപുരം : ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിലേക്കു കടക്കുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാമെന്നതാണ് പുതിയ നിയമത്തിന്റെ കാതല്‍. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയെ ഉദ്ദേശിച്ചാണ് നിയമമെങ്കിലും മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പല ഭൂമിക്കും ഇതുപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടി വരാം.
ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമിയെന്ന പരിഗണനയിലാണ് 15 ഏക്കറിലധികം കൈവശം വെക്കാന്‍ കഴിയുക. എന്നാല്‍, മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ 15 ഏക്കറില്‍ കൂടുതലുള്ളത് മിച്ചഭൂമിയാകും. മിച്ചഭൂമിക്ക് നഷ്ടപരിഹാരവും ചമയങ്ങളുടെ വിലയും നല്‍കണമെന്ന വ്യവസ്ഥയാണ് കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുറച്ചു സ്ഥലമാണ് ഏറ്റെടുക്കുന്നതെങ്കിലും അതിലെ ഉടമസ്ഥാവകാശം സംബന്ധിച്ച തീര്‍പ്പ് മുഴുവന്‍ സ്ഥലത്തിനും ബാധകമാകുമെന്നും വ്യവസ്ഥചെയ്യും. ഏറ്റെടുക്കുന്ന സ്ഥലം കൈവശക്കാരന്റേതാണെന്നാണ് തീര്‍പ്പെങ്കില്‍ ഇപ്പോഴത്തെ കൈവശക്കാരന് ബാക്കി സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും ഇതുവഴി കൈവരും.