കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ഹൈക്കോടതി രണ്ടു മാസത്തേക്കു തടഞ്ഞു. നിലവിലെ സ്ഥിതി തുടരണം.ഭൂമി ഏറ്റെടുക്കുന്നത് തെറ്റായ ലക്ഷ്യത്തോടെയാണെന്നാരോപിച്ച് ബിലീവേഴ്‌സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൽ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാർച്ച് 13ന് പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ലെന്ന് ഹർജിയിൽ പറയുന്നു.
2005ൽ ട്രസ്റ്റ് 2,263 ഏക്കർ സ്ഥലം വാങ്ങിയപ്പോൾ മുതൽ അത് തട്ടിയെടുക്കാൻ നീക്കം നടക്കുന്നു. ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ എരുമേലി ക്ഷേത്രത്തിന് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ സർക്കാരിനും ചില വ്യക്തികൾക്കും താത്പര്യമുണ്ട്. വിമാനത്താവളം നിർമ്മിക്കാനോ നഷ്ടപരിഹാരം നൽകാനോ സർക്കാരിന്റെ കൈയിൽ പണമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തീരുമാനം രാഷ്ട്രീയ നേട്ടത്തിനാണെന്നും ആരോപണം ഉയർത്തുന്നു.