ചെങ്ങന്നൂര്‍ : നിര്‍ദിഷ്ട ശബരിമല വിമാനത്താവളം മധ്യതിരുവിതാംകൂറിന്‍റെ വികസനം ത്വരിതഗതിയിലാക്കുമെന്നും അതു സാമ്പത്തികമേഖലയെ മാറ്റിമറിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേരളത്തില്‍ കോട്ടയം ജില്ലയിലെ നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്‍റെ പുരോഗതി സംബന്ധിച്ച് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിന്‍റെ നിര്‍ണായക പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് പദ്ധതിയുടെ നിലവിലെ അവസ്ഥ, വെല്ലുവിളികള്‍, പൂര്‍ത്തീകരിക്കാനുള്ള സമയക്രമം എന്നിവയെക്കുറിച്ച് കൊടിക്കുന്നില്‍ സുരേഷ് വ്യക്തത തേടി. ഇതിനു മറുപടിയായി 2008ലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പോളിസി പ്രകാരം 2023 ഏപ്രിലില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പദ്ധതിക്കു സൈറ്റ് ക്ലിയറന്‍സ് അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം റഫറന്‍സ് നിബന്ധനകള്‍ അനുവദിച്ചു. 2023 ജൂലൈയില്‍ പദ്ധതിക്കായി കേരള സര്‍ക്കാര്‍ ഒരു പരിസ്ഥിതി ആഘാത വിലയിരുത്തലും (ഇഐഎ) നടത്തിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, ധനസഹായം, മറ്റ് അനുമതികള്‍ എന്നിവയുള്‍പ്പെടെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സംരംഭത്തിനു നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡിനാണ്. നിലവില്‍ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ തര്‍ക്കം ഒഴികെ പദ്ധതിയില്‍ കാര്യമായ കാലതാമസമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ – പ്രത്യേകിച്ച് ശബരിമല, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, വാവരു മസ്ജിദ് തുടങ്ങിയ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതില്‍ ശബരിമല വിമാനത്താവളത്തിന്‍റെ തന്ത്രപരമായ പ്രാധാന്യവും എംപി ഊന്നിപ്പറഞ്ഞു.