ശബരിമല : മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് ഭക്തജന തിരക്ക്. ഇന്ന് ദര്‍ശനത്തിനായി എത്തിയ അയ്യപ്പഭക്തരുടെ നീണ്ടനിര ശരംകുത്തിവരെ നീണ്ടു. എല്ലാ ഭക്തര്‍ക്കും ദര്‍ശനമൊരുക്കുന്നതിനായി പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് സുഗമ ദര്‍ശനം ഒരുക്കുന്നതിനായി ദര്‍ശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത് ഏറെ നേരം തങ്ങാന്‍ അനുവദിക്കാതെ പമ്പയിലേക്ക് മടക്കി അയക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ നല്‍കുന്നുണ്ട്. പതിനെട്ടാംപടിയില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചവരെ മിനിറ്റില്‍ എന്‍പതിന് മുകളില്‍ ഭക്തരെ കടത്തിവിട്ടു.
തിരക്കുമൂലം ദീര്‍ഘനേരം ക്യൂവില്‍ കഴിയേണ്ടിവരുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. കുടിവെള്ള കിയോസ്‌കുകള്‍ കൂടാതെ അനവധിയിടങ്ങളിലായി ഔഷധ കുടിവെള്ളവും ബിസ്‌ക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.